2008 ഒക്‌ടോബർ 1, ബുധനാഴ്‌ച

ആണവം

അണുവായുധം കൊണ്ടു വിശപ്പകറ്റീടുവാന്‍
ഇവിടൊരു കണ്ടുപിടുത്തവും നടന്നിട്ടില്ല
ആണവ കരാര്‍ കൊണ്ടു നവജാത ശിശുവിനു രക്ഷ കിട്ടുമോ
അവന് വേണ്ട മരുന്നുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഇവിടെ അടച്ചുപൂട്ടുന്നു
ഹിരോഷിമകളും നാഗസാക്കികളും പല്ലിളിക്കുമ്പോള്‍
യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥി രോദനം അലയടിക്കുമ്പോള്‍
അരവയര്‍ നിറയ്ക്കുവാന്‍, തന്‍ കുഞ്ഞിന്‍ വിശപ്പകറ്റാന്‍
' ഭാരത സ്ത്രീകള്‍ ഭാവശുദ്ധിക്ക് ' അപ്രഖ്യാപിത അവധി കൊടുക്കുമ്പോള്‍
ചേരിചേരാ നയത്തില്‍ സോഡാകലര്‍ത്തി അഭിനവ കൗരവര്‍ മധുരസം വിളമ്പുമ്പോള്‍
നടുവിളകും എന്നതിനാല്‍ ഭാരത പൗരന്‍ റോഡ് യാത്ര ഉപേക്ഷിക്കുമ്പോള്‍
എണ്ണക്കിണറുകളില്‍ അധിനിവേശത്തിന്റെ തീ നാശം വിതയ്ക്കുമ്പോള്‍
ഓഹരി വിപണിയില്‍ കാളയും കരടിയും പരസ്പരം പോരടിക്കുമ്പോള്‍
തീവ്രവാദിയെ മുസ്ലീമെന്നും അമുസ്ലീമെന്നും തിരിച്ച് വിചാരണ ചെയ്യുമ്പോള്‍
അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യതിന്റെ വിത്തുകള്‍ മുളയ്കുമ്പോള്‍
നിങ്ങള്‍ ഒരു ചെന്നായയെ കാണുന്നില്ലേ നമ്മുടെ പഴയ, മുട്ടനാടുകളെ തമ്മിലടിപ്പിച്ച്
ഒടുവില്‍ സ്വന്തം വിശപ്പടക്കി മടങ്ങിയ അതേ സൂത്രശാലിയെ
അവനെ ഓടിക്കാന്‍ കുറുവടിയുമായി വരാന്‍ പറ്റുന്ന ഒരാളാകട്ടെ
കാക്ക കാഷ്ഠത്തില്‍ കുളിച്ചു തെരുവുകളില്‍ നിശ്ചലം നില്ക്കുന്നു
അതോ
വെറും കാഴ്ചക്കാരനായി സ്വയം മാറുന്നുവോ

ശ്രീജിത്ത് മുഴക്കോത്ത്